ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കെജരിവാളിന് ജാമ്യം നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, അപ്പീല്‍ നല്‍കുന്നതിനായി 48 മണിക്കൂര്‍ സമയത്തേക്ക് ജാമ്യം നല്‍കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം പോലും കോടതി അംഗീകരിച്ചില്ലെന്നും ഇഡിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്.
അറസ്റ്റിലായി മൂന്നു മാസം തികയുമ്പോഴാണ് കെജരിവാള്‍ ജയിലില്‍ നിന്നും പുറത്തു വരാനിരുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണണെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണക്കോടതി ജാമ്യം അനുവദിച്ചത് ഹൈക്കോടതി ശരിവെച്ചാല്‍ കെജരിവാളിന് ഇന്ന് പുറത്തിറങ്ങാനായേക്കും. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുകേസില്‍ മാര്‍ച്ച് 21 നാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.