തിരുവന്തപുരം: കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയുണ്ടായില്ല. തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി യോഗം വിലയിരുത്തിയെന്നും ആവശ്യമായ തിരുത്തലുകള്‍ നടത്തി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടാനായി. ഒരുസീറ്റ് ബിജെപി നേടിയത് മറ്റൊരു അപകടകരമായ കാര്യമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 2019ലേതുപോലെ ഒരു സീറ്റാണ് എല്‍ഡിഎഫിന് കിട്ടിയത്. ദേശീയരാഷ്ട്രീയ സാഹചര്യവും ഇടുതുമുന്നണിയുടെ പരാജയത്തിന് കാരണമായി
ദേശീയതലത്തില്‍ ഒരുസര്‍ക്കാര്‍ രൂപികരിക്കാന്‍ സിപിഎമ്മിനെക്കാള്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനാണെന്ന തോന്നല്‍ മതനിരപേക്ഷ ഉള്ളടക്കമുള്ള ആളുകളില്‍ ഉണ്ടായി. ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ വോട്ടുകളെല്ലാം യുഡിഎഫിന് ലഭിച്ചു. ഒരുമുന്നണി പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. താത്കാലികജയം അവര്‍ക്കുണ്ടായെങ്കിലും അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഇതിനെ തുറന്ന് എതിര്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയണമെന്ന് ഗോവിന്ദന്‍ പറഞ്ഞു.