ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദൂര മേഖലയിലുള്ളവര്‍ക്കും അതിവേഗയാത്ര ഉറപ്പുവരുത്തുന്നതിന് സീപ്ലെയിനുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഇളവ് വരുത്തി ഡിജിസിഎ. കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ റീജിണല്‍ എയര്‍ കണക്ടിവിറ്റി സ്‌കീമിന് ഇത് കൂടുതല്‍ കരുത്തുപകരും.
പുതുക്കിയ മാനദണ്ഡം അനുസരിച്ച് അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, പൈലറ്റ് പരിശീലന ആവശ്യകതകള്‍, റെഗുലേറ്ററി നടപടിക്രമങ്ങള്‍ പാലിക്കല്‍ എന്നിവ കാര്യക്ഷമമാക്കുമെന്നും വിദൂര പ്രദേശങ്ങളിലേക്ക് സീപ്ലെയിന്‍ സേവനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുക്കിയ ചട്ടങ്ങള്‍ സീപ്ലെയിന്‍ പറത്തുന്നതിനുള്ള പരിശീലന ആവശ്യകതകള്‍ ലളിതമാക്കി. ലളിതമായ അംഗീകാര പ്രക്രിയയാണ് മറ്റൊരു ഇളവ്. ഡിജിസിഎ വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശ അനുസരിച്ചാണ് പുതുക്കിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചതെന്നും ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നു.
ആഗോളതലത്തില്‍ ഐസിഎഒ അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) ഉള്ള പൈലറ്റുമാരെ സീപ്ലെയിന്‍ ഓടിക്കാന്‍ അനുവദിക്കുമെന്നതാണ് ഇളവിലെ പ്രധാനപ്പെട്ട കാര്യം. രാജ്യമെമ്പാടുമുള്ള സീപ്ലെയിന്‍ ഹബ്ബുകളില്‍ ഇത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കും. 2008ലാണ് സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണ ചട്ടക്കൂട് വന്നത്. സീപ്ലെയിന്‍ പ്രവര്‍ത്തനം വിപുലീകരിച്ച് റീജിണല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വ്യവസ്ഥകള്‍ ലഘൂകരിച്ചത്.