സ്റ്റട്ട്ഗര്‍ട്ട്: യൂറോ കപ്പിൽ ജർമനിയുടെ വിജയക്കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എ മത്സരത്തിൽ ഹംഗറിയെ രണ്ട് ഗോളിന് കീഴടക്കി ജര്‍മനി പ്രീക്വാര്‍ട്ടർ ഉറപ്പിച്ചു. ജർമനിക്ക് വേണ്ടി യുവതാരം ജമാല്‍ മുസിയാലയും ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗനുമാണ് ഗോളുകൾ നേടിയത്. യൂറോ കപ്പിൽ ഇത് ജർമനിയുടെ രണ്ടാം ജയമാണ്. ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ ജർമൻപട 5–1നു തോൽപിച്ചിരുന്നു. മത്സരത്തില്‍ പിങ്കും പര്‍പ്പിളും ഇടകലര്‍ന്ന ജര്‍മനിയുടെ പുതിയ ജേഴ്‌സി ഏറെ ശ്രദ്ധേനേടി.
മത്സരത്തിലുടനീളം ജര്‍മനി ആധിപത്യം തുടര്‍ന്നെങ്കിലും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിക്കാത്തത് ഹംഗറിക്ക് തിരിച്ചടിയായി. കളിതുടങ്ങി 15-ാം സെക്കന്‍ഡില്‍ തന്നെ ഹംഗറി ഗോളനടുത്തെത്തിയിരുന്നു. കിക്കോഫിന് തൊട്ടുപിന്നാലെ ജര്‍മന്‍ പ്രതിരോധ താരം അന്റോണിയോ റുഡിഗറിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച റോളണ്ട് സല്ലായിയുടെ ഗോള്‍ ശ്രമം പക്ഷേ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ പരാജയപ്പെടുത്തി.
തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 22-ാം മിനിറ്റില്‍ ജമാല്‍ മുസിയാലയിലൂടെ ജര്‍മനി മുന്നിലെത്തി. ഹംഗറി ബോക്‌സില്‍ വെച്ച് മുസിയാലയും ഗുണ്ടോഗനും ചേര്‍ന്നുള്ള ശ്രമമാണ് ഗോളില്‍ കലാശിച്ചത്. മുസിയാല ടാപ് ചെയ്ത് ബോക്‌സിലേക്ക് നല്‍കിയ പന്തുമായി മുന്നേറിയ ഗുണ്ടോഗനെ തടയാന്‍ വില്ലി ഒര്‍ബാന്‍ മുന്നില്‍കയറിയെങ്കിലും താരം നിലതെറ്റി വീണുപോകുകയായിരുന്നു. ഒട്ടും സമയം കളയാതെ പന്ത് പിടിച്ചെടുത്ത് ഗുണ്ടോഗന്‍ നല്‍കിയ പാസ് മുസിയാല വലയിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി പത്തുമിനിറ്റിനു ശേഷം ജര്‍മനി ഫ്‌ളോറിയന്‍ വിര്‍ട്‌സിനെയും കായ് ഹാവെര്‍ട്‌സിനെയും പിന്‍വലിച്ച് ലിറോയ് സാനെ, നിക്ലാസ് ഫുള്‍ക്രുഗ് എന്നിവരെ കളത്തിലിറക്കി. 60-ാം മിനിറ്റില്‍ ജര്‍മനിയുടെ പ്രതിരോധപ്പിഴവില്‍ ഹംഗറി സമനില ഗോളിനടുത്തെത്തിയെങ്കിലും സല്ലായിയുടെ ക്രോസില്‍ നിന്നുള്ള ബര്‍ണബാസ് വര്‍ഗയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.