പൊരുതി വീണ് യുഎസ്; സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസിന് ജയം

Kerala

ആന്റിഗ്വ: ടി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ യുഎസ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ ആയുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ക്വിന്റൻ ഡി കോക്ക് അർധസെഞ്ചറി നേടി. ക്യാപ്റ്റൻ എയ്‍ഡന്‍ മാർക്രവും ഡി കോക്കും കൈകോർത്തതോടെ ദക്ഷിണാഫ്രിക്കൻ സ്കോര്‍ കുതിച്ചു. 40 പന്തില്‍ 74 റണ്‍സ് നേടിയാണ് ക്വിന്റണ്‍ ഡി കോക്ക് പുറത്തായത്. അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും ക്വിന്റണ്‍ അടിച്ചെടുത്തതു. 32 പന്തില്‍ 46 റണ്‍സുമായി ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമും 22 പന്തില്‍ 36* റണ്‍സുമായി ഹെന്റിച്ച് ക്ലാസനും സ്‌കോര്‍വേഗം കൂട്ടി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (16 പന്തില്‍ 20*), റീസ ഹെന്‍ഡ്രിക്‌സ് (11 പന്തില്‍ 11) എന്നിവരും കരുത്തുറ്റ ഇന്നിങ്‌സ് കളിച്ചു.

യുഎസ്സിനായി നേത്രവാല്‍ക്കര്‍ നാലോവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍മീത് സിങ് നാലോവറില്‍ 24 റണ്‍സ് വിട്ടുനല്‍കി അത്രതന്നെ വിക്കറ്റ് നേടി. രണ്ടാം വിക്കറ്റില്‍ ഡി കോക്കും മാര്‍ക്രമും ചേര്‍ന്ന് കെട്ടിയുയര്‍ത്തിയ 110 റണ്‍സ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഭദ്രമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ് തുടക്കം ​ഗംഭീരമാക്കിയെങ്കിലും ഇടയ്‌ക്ക് വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *