ലെയ്പ്‌സിങ്: യൂറോ കപ്പില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. ഇഞ്ചുറി ടൈമില്‍ പകരക്കാരനായ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോയാണ് പാര്‍ച്ചുഗലിനായി വിജയ ഗോള്‍ നേടിയത്.
നിര്‍ഭാഗ്യം കൊണ്ട് വഴങ്ങിയ രണ്ട് ഗോളുകളാണ് മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോല്‍വിയിലേക്ക് എത്തിച്ചത്. മത്സരത്തില്‍ 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് 69-ാം മിനിറ്റില്‍ റോബിന്‍ റനാക്കിന്റെ സെല്‍ഫ് ഗോളാണ് വിനയായത്. പിന്നീട് ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോ പോര്‍ച്ചുഗലിന് വിജയ ഗോള്‍ ഒരുക്കി.
കളിയുടെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പോര്‍ച്ചുഗല്‍ പിന്നീട് ആദ്യ പകുതി ഒന്നാകെ പന്തിന്‍മേല്‍ ആധിപത്യം സ്ഥാപിച്ചു. പോര്‍ച്ചുഗലിന്റെ മുന്നേറ്റനിരയും ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതിരോധവും ആണ് ആദ്യ പകുതിയില്‍ കണ്ടത്. ആദ്യ പകുതിയിലുടനീളം ചെക്ക് റിപ്പബ്ലിക്ക് ഹാഫിലായിരുന്നു കളി.
മത്സരത്തില്‍ ലഭിച്ച റൊണാള്‍ഡോയുടെ രണ്ട് മികച്ച ഷോട്ടുകള്‍ ചെക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 32-ാം മിനിറ്റിലായിരുന്നു ആദ്യ അവസരം. ചെക്ക് പ്രതിരോധം പൊളിച്ച് ബ്രൂണോ നല്‍കിയ ഒരു പാസില്‍ നിന്നുള്ള റൊണാള്‍ഡോയുടെ ഫസ്റ്റ് ടൈം ഷോട്ട് സ്റ്റാനെക്ക് തടഞ്ഞു. റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള വിറ്റിഞ്ഞ്യയുടെ ഷോട്ടും ഗോളി പിടിച്ചെടുത്തു.
ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു അടുത്ത അവസരം. കാന്‍സലോ നല്‍കിയ പാസില്‍ നിന്ന് റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ഷോട്ടാണ് ഗോളി സ്റ്റാനെക്ക് രക്ഷിച്ചെടുത്തത്.