തിരുവനന്തപുരം: ജനതാദള്‍ എസിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായതോടെ, കേരളത്തിലെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കണമെന്ന നിര്‍ദേശവും മുന്നിലുണ്ട്. ജെഡിഎസ് ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം അന്ത്യശാസനം നല്‍കിയിരുന്നു.
പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ നിലവില്‍ എംഎല്‍എമാരായ മാത്യു ടി തോമസിനും കെ കൃഷ്ണന്‍കുട്ടിക്കും അയോഗ്യത വരുമോയെന്ന പ്രശ്‌നവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയുടെ ഘടകകക്ഷിയായത്. ഒരേസമയം ബിജെപി സര്‍ക്കാരിലും കേരളത്തില്‍ ഇടതുസര്‍ക്കാരിലും ജെഡിഎസ് അംഗമായിരിക്കുന്നതിനെ കോണ്‍ഗ്രസും ആര്‍ജെഡിയും വിമര്‍ശിച്ചിരുന്നു.