ജപ്പാനിൽ ഭീതി പടർത്തി ‘സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം’ (എസ്‌ടിഎസ്എസ്) അണുബാധ വ്യാപിക്കുന്നു. എസ്‌ടിഎസ്എസ്യ്ക്ക് കാരണമാകുന്ന അപൂർവ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയർന്നു. ഇതുവരെ 977 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) ബാക്ടീരിയ ആണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന ഗുരുതര ആരോഗ്യാവസ്ഥയിലേക്ക് നയിക്കുന്നത്. ഇത് അതിവേഗം ശരീരത്തിൽ വ്യാപിച്ച് കോശങ്ങളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടാല്‍ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ വഷളാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. പനി, കഠിനമായ വേദന, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയാണ് ലക്ഷണങ്ങൾ.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ശരീരത്തിൽ ഹൈപ്പർ-ഇൻഫ്ലമേറ്ററി പ്രതികരണത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. ഈ വിഷവസ്തുക്കൾ വ്യാപകമായ കോശ നാശത്തിലേക്കും കഠിനമായ വീക്കവും ഉണ്ടാക്കും. ബാക്ടീരിയ രക്തത്തിലൂടെ അവയവങ്ങളിലേക്കും വേഗത്തിൽ പ്രവേശിക്കുന്നു. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ അവയവ പരാജയത്തിന് കാരണമാകുന്നു.
ഉടനടി ചികിത്സിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ വഷളാകും. തുറന്ന മുറിവുകൾ, ചർമത്തിൽ അണുബാധ തുടങ്ങിയവ നേരിടുന്ന ആളുകൾക്ക് എസ്‌ടിഎസ്എസ് അണുബാധ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.