പാട്‌ന: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍ 13 പേര്‍ അറസ്റ്റില്‍. നാലു വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് പിടിയിലായവരില്‍ ഉള്‍പ്പെടുന്നത്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമുള്ള ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് ബിഹാര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ബിഹാറിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. വളരെ ഗുരുതരമായ ക്രമക്കേട് നടന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. ബിഹാറില്‍ 20 ലക്ഷം രൂപ വരെ നല്‍കിയ ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം.
നീറ്റ് പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ബിഹാര്‍ പൊലീസ് ചോദ്യാവലി നല്‍കിയിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എന്‍ടിഎയ്ക്ക് ചോദ്യാവലി നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.