കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബംഗ്ലാദേശ് 25 റണ്‍സിനാണ് ജയിച്ചത്.
ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ബംഗ്ലാദേശ് സൂപ്പര്‍ എട്ട് യോഗ്യതയ്ക്കരികിലെത്തി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. നേപ്പാളിനെതിരായ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ബംഗ്ലാദേശിന് സൂപ്പര്‍ എട്ടിലെത്താം.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായത്. 22 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ്, 16 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വിക്രംജിത്ത് സിങ്, 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് ബൗളിങ്ങിനെതിരേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്.
ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (1), ലിറ്റന്‍ ദാസ് (1) എന്നിവരെ തുടക്കത്തിലെ നഷ്ടമായിരുന്നു. ഷാകിബ് 46 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ തന്‍സിദ് ഹസന്‍, മഹമദ് ഉല്ല എന്നിവര്‍ മികച്ച പിന്തുണയേകി. തന്‍സിദ് ഹസന്‍ 26 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. 21 പന്തുകള്‍ നേരിട്ട മഹമദ് ഉല്ല രണ്ടു വീതം സിക്‌സും ഫോറുമടക്കം 25 റണ്‍സെടുത്തു.
14-ാം ഓവറില്‍ ഷാകിബ്, മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ 100 കടത്തി. 18-ാം ഓവറില്‍ പോളിനെ പറത്താന്‍ ശ്രമിച്ച് മഹമ്മദുള്ള (21 പന്തില്‍ 25) വീണു. അവസാന ഓവറില്‍ ബംഗ്ലാദേശിനെ ഷാകിബ് 150 കടത്തി. 7 പന്തില്‍ 14 റണ്‍സുമായി ജാകര്‍ അലിയും പുറത്താവാതെ നിന്നു.