സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

Wayanad

കൽപറ്റ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പാക്കണമെന്നു യോഗത്തില്‍ അറിയിച്ചു. അനര്‍ഹരായ ആളുകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന് 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷ നല്‍കാം. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോം നമ്പര്‍ 4, തിരുത്തലുകള്‍ക്ക് ഫോം നമ്പര്‍ 6, ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥാനം മാറ്റുന്നതിന് ഫോം. നമ്പര്‍ 7, കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ക്ക് ഫോം നമ്പര്‍ 5 ലും അപേക്ഷ നല്‍കാം. ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിനു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് sec.kerala.gov.in മുഖേനയും അപേക്ഷിക്കാം. കരട് പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 നു വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നേരിട്ടും സമര്‍പ്പിക്കാം. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ അപേക്ഷകളില്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ അപേക്ഷകര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ അധികാരിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ വി.എ മജീദ്, എ. കൃഷ്ണന്‍കുട്ടി, എസ്.സൗമ്യ, പ്രശാന്ത് മരവയല്‍, റസാഖ് കൽപറ്റ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *