കൽപ്പറ്റ: വയനാട് സീറ്റ് രാഹുൽഗാന്ധി ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുലിന് വയനാട്ടിൽ ഒതുങ്ങാനാകില്ല. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നു. കോൺഗ്രസിന്റെ വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.
നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. രാജ്യത്തെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മാത്രമായി ഒതുങ്ങാനാകില്ല. അതെല്ലാവരും മനസ്സിലാക്കണം. രാഹുല്‍ വയനാട്ടില്‍നിന്ന് പോകുന്നെന്ന് പറയുമ്പോള്‍ നമുക്ക് സങ്കടമാണ്. സന്തോഷവും സങ്കടവും ഒരുമിച്ച് അനുഭവിക്കുന്നവരാണ് സദസിലുള്ള വയനാട്ടുകാരെന്നും സുധാകരന്‍ കൽപ്പറ്റയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.
താൻ സർക്കാരിനെതിരെ പോരാടുമ്പോൾ വയനാട് എല്ലാ പിന്തുണയും നൽകി. അതിന് വോട്ടിനേക്കാൾ വിലയുണ്ട്. അതൊരിക്കലും മറക്കാനാവില്ല. വയനാടുമായുള്ള ബന്ധം തെരഞ്ഞെടുപ്പുകൾക്കും അപ്പുറത്താണെന്ന് രാഹുൽഗാന്ധി പറഞ്ഞു. റായ് ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നും വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ചതോടെയാണ് രാഹുൽഗാന്ധിക്ക് ഒരു മണ്ഡലം ഉപേക്ഷിക്കേണ്ട സ്ഥിതി വന്നത്.