മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; വകുപ്പുകളില്‍ ചര്‍ച്ച തുടരുന്നു

Kerala

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നാണ് സൂചന.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അർധസൈനികർ, ഡൽഹി പൊലീസിന്റെ പ്രത്യേക സായുധസംഘം, എൻഎസ്ജി കമാൻഡോകൾ എന്നിവർ ഉൾപ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് വിന്യസിച്ചിട്ടുള്ളത്. രാഷ്ട്രപതിഭവന് ചുറ്റും ഡ്രോണുകളും സ്നൈപ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. 2500 ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചത്. രാഷ്ട്രത്തലവന്മാർ താമസിക്കുന്ന സ്ഥലത്തും കനത്ത സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്.

ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽനിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ. ആഭ്യന്തരം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *