തുടക്കത്തിൽ വീണു, പിടിച്ചു കയറ്റി മില്ലർ; നെതർലൻഡ്സിനെ തകർത്ത് ദക്ഷിണാഫ്രിക്ക

Kerala

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിജയം. നെതര്‍ലന്‍ഡിസിന് എതിരെ നാലു വിക്കറ്റിനായിരുന്നു വിജയം. നെതര്‍ലന്‍ഡ് ഉയര്‍ത്തിയ 104 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ്: 103/9, ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ 106/6.

ചെറിയ വിജയലക്ഷ്യത്തിലേക്കാണ് ബാറ്റേന്തിയത് എങ്കിലും ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 12 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്സ്മാൻമാരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്. ക്വിന്റന്‍ ഡി കോക്ക് (0) ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി. റീസ ഹെന്റിക്സ് (3), എയ്ഡന്‍ മാര്‍ക്രം (0), ഹെയ്ന്റിച് ക്ലാസന്‍ (4) എന്നിവരും പിന്നാലെ മടങ്ങി.

ട്രിസ്റ്റന്‍ സ്റ്റബ്സ (37 പന്തിൽ 33), ഡേവിഡ് മില്ലർ (51 പന്തിൽ 59) എന്നിവരുടെ ബാറ്റിങ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. മില്ലറാണ് കളിയിലെ താരം. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്സ്. നെതര്‍ലന്‍ഡിന്‍സ് വേണ്ടി വിവ് കിംഗാമ, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡിസ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്. സിബന്‍ഡ് എംഗല്‍ബ്രെറ്റ് പിടിച്ചു നിന്നതാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. താരം 43 പന്തില്‍ 40 റണ്‍സെടുത്തു. വാലറ്റത്ത് ലോഗന്‍ വാന്‍ ബീകാണ് മറ്റൊരു ബാറ്റര്‍. താരം 23 റണ്‍സെടുത്തു. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഒട്‌നില്‍ ബാര്‍ട്മന്റെ മിന്നും പേസാണ് നെതര്‍ലന്‍ഡ്‌സിനെ കുഴക്കിയത്. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മാര്‍ക്കോ ജാന്‍സന്‍, ആന്റിച് നോര്‍ക്യെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *