കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നേടിയത്. എതിര്‍സ്ഥാനാര്‍ഥികളായ വിഎസ് സുനില്‍ കുമാര്‍ 30.95 ശതമാനവും കെ മുരളീധരന്‍ 30.08 ശതമാനം വോട്ടുകളും നേടി. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ 74,686 ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി അഭിമാന വിജയം നേടിയത്. 4,12,338 വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്.
സംസ്ഥാനത്ത് മുന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുപ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയത്. തൃശൂര്‍, ആറ്റിങ്ങല്‍, തിരുവന്തപുരം എന്നിവയാണ് അത്. ആലപ്പുഴയില്‍ എന്‍ഡിഎ വോട്ടുവിഹിതം 28.3 ശതമാനം ആയി ഉയര്‍ന്നു. പത്തനം തിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.
15 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച അഞ്ച് മണ്ഡലങ്ങള്‍; കാസര്‍കോട്് 19.73 ശതമാനം, കോട്ടയത്ത് 19.74 ശതമാനം, ആലത്തൂര്‍ 18.89 ശതമാനം, കോഴിക്കോട്് 16.75 ശതമാനം, എറണാകുളം 15.87ശതമാനം എന്നിങ്ങനെയാണ്. വടകര, മലപ്പുറം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് പത്തുശതമാനത്തില്‍ താഴെ വോട്ടുകളാണ്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേടാനായത് 13 ശതമാനം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 62,229 വോട്ടുകള്‍ അധികം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.