കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

Kerala

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 16 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.

കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന്‍ കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്.

സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു മാത്രമാണ് യുഡിഎഫ് തരംഗത്തെ ചെറുത്തു നില്‍ക്കാനായത്. സിറ്റിങ് എംപി രമ്യ ഹരിദാസാണ് രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭയായത്.

അതേസമയം തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ കടുത്ത പോരാട്ടമാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ പകുതിയിലേറെ ഘട്ടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് പിന്നിലായിരുന്ന ശശി തരൂര്‍ അവസാന ലാപ്പിലാണ് മുന്നില്‍ കയറിയത്. ഒരുവേള രാജീവ് ചന്ദ്രശേഖര്‍ അട്ടിമറി വിജയം നേടിയേക്കുമെന്ന പ്രതീതി വരെ ജനിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ഘട്ടത്തിലും ലീഡിലേക്ക് എത്തിയിരുന്നില്ല.

ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡ് പലതവണ മാറി മറിഞ്ഞ മണ്ഡലത്തില്‍, നേരിയ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് ലീഡു ചെയ്യുന്നത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നപ്പോള്‍, മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി എന്നിവരുടെ ലീഡ് രണ്ടുലക്ഷം കടന്നു. വടകരയില്‍ ഷാഫി പറമ്പില്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കോഴിക്കോട് എംകെ രാഘവന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷം കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കണ്ണൂരില്‍ കെ സുധാകരന്‍ എന്നിവര്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *