ന്യൂഡല്‍ഹി: ലോകത്ത് കടുത്ത ചൂടിന് കാരണമായ എല്‍നിനോ പ്രതിഭാസത്തിന്റെ വിപരീത പ്രതിഭാസമായ ലാ നിന ഈ വര്‍ഷം അവസാനത്തോടെ രൂപപ്പെട്ടേക്കുമെന്ന് ലോക കാലാവസ്ഥ സംഘടന. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ലാ നിന സംഭവിക്കാനുള്ള സാധ്യത 60 ശതമാനമാണ്. ഓഗസ്റ്റ്- നവംബര്‍ കാലയളവില്‍ ഇത് 70 ശതമാനമായി ഉയരുമെന്നും ലോക കാലാവസ്ഥ സംഘടന പ്രവചിക്കുന്നു. ഈ സമയത്ത് എല്‍നിനോ വീണ്ടും ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും ലോക കാലാവസ്ഥ സംഘടനയുടെ പുതിയ അപ്‌ഡേറ്റില്‍ പറയുന്നു.
ലോകത്ത് എക്കാലത്തെയും കടുത്ത ചൂട് അനുഭവപ്പെട്ട മാസമാണ് ഏപ്രില്‍. തുടര്‍ച്ചയായ 11-ാം മാസമാണ് റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടത്. കടലിന്റെ ഉപരിതല താപനില ഉയര്‍ന്ന് നിന്നതാണ് ഇതിന് കാരണം. കഴിഞ്ഞ 13 മാസമായി കടലിന്റെ ഉപരിതല താപനില റെക്കോര്‍ഡ് ഉയരത്തിലാണെന്നും ലോക കാലാവസ്ഥ സംഘടന അറിയിച്ചു.
എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണമായത്. ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലും സമുദ്രത്തിലും വ്യാപിച്ചത് മൂലമാണ് ഇത് സംഭവിച്ചത്. എല്‍ നിനോയെ തുടര്‍ന്ന്, ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകളാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടത്.
ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ കടുത്ത ചൂടോ കൊടും തണുപ്പോ അനുഭവപ്പെടാത്ത നിഷ്പക്ഷ അവസ്ഥകളിലേക്കോ അല്ലെങ്കില്‍ ലാ നിനയിലേക്കോ മാറാന്‍ തുല്യ സാധ്യത ഉള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എല്‍ നിനോ ഇന്ത്യയിലെ ദുര്‍ബലമായ മണ്‍സൂണ്‍ കാറ്റുമായും വരണ്ട അവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുമ്പോള്‍, എല്‍ നിനോയുടെ വിരുദ്ധമായ ലാ നിന മണ്‍സൂണ്‍ കാലത്ത് സമൃദ്ധമായ മഴയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ മാസം, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണില്‍ സാധാരണയില്‍ കവിഞ്ഞ മഴയാണ് പ്രവചിച്ചത്.