ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയാവുകയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തിന്റെ അജണ്ട.
യോഗത്തില്‍ ഉഷ്ണതരംഗവും റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍, ദുരിതബാധിത പ്രദേശങ്ങളുടെ ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്യും.
ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രവചനം ഉണ്ടായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ചര്‍ച്ചയില്‍ വരും മാസങ്ങളിലെ മോദിസര്‍ക്കാരിന്റെ മുന്‍ഗണനകളും പ്രവര്‍ത്തന പദ്ധതികളും രൂപ്പപ്പെടുത്തും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഉണ്ടാകുമെന്നും 2029 ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 100 ദിവസത്തേക്ക് കാത്തിരിക്കില്ലെന്നും പ്രധാനമന്ത്രി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.