കോഴിക്കോട്: കനത്ത മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12ൽ വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതസമയം സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.