എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 6.30 മുതല്‍, കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; ഇന്ത്യ മുന്നണിയുടെ യോഗം ഖാര്‍ഗെയുടെ വസതിയില്‍

Kerala

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിക്കുന്നതോടെ വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. അവസാന വോട്ട് രേഖപ്പെടുത്തി 30 മിനിറ്റിന് ശേഷം വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

വൈകുന്നേരം 6.30-7 മണി വരെയുള്ള സമയങ്ങളില്‍ ടെലിവിഷന്‍ ചാനലുകള്‍ അവരുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടും. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 904 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അതേസമയം ഇന്ന് നടക്കുന്ന എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാനാണ് തീരുമാനം. റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഊഹാപോഹങ്ങളുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എഐസിസി വക്താവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. എന്നാല്‍ 353 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയം നേടിയപ്പോള്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *