ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മൂന്നാം കിരീട നേട്ടം ആഘോഷിച്ച വിന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ മറ്റൊരു ചരിത്ര നേട്ടവും. ടൂര്‍ണമെന്റിലെ ഏറ്റവും വിലപിടിച്ച താരമായി (മോസ്റ്റ് വാല്യുബള്‍ പ്ലെയര്‍) സുനില്‍ നരെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇത് മൂന്നാം തവണയാണ് ഈ നേട്ടം നരെയ്ന്‍ സ്വന്തമാക്കുന്നത്. മൂന്ന് തവണ ഈ പുരസ്‌കാരം നേടുന്ന ഐപിഎല്‍ ചരിത്രത്തിലെ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് നരെയ്ന്‍ സ്വന്തം പേരില്‍ ചേര്‍ത്തത്.
2012ല്‍ കൊല്‍ക്കത്ത കന്നി ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ആ സീസണിലെ എംവിപി നരെയ്‌നായിരുന്നു. അന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ടീമിനെ കന്നി നേട്ടത്തിലേക്ക് നയിച്ചത്.
2018 സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടമില്ലെങ്കിലും ആ സീസണിലും താരം തിളങ്ങി. 357 റണ്‍സും 17 വിക്കറ്റുകളുമായിരുന്നു അന്ന് താരം നേടിയത്.
ഇത്തവണ ഒരു സെഞ്ച്വറിയടക്കം ബാറ്റിങില്‍ 488 റണ്‍സാണ് നരെയ്ന്‍ വാരിയത്. ബൗളിങില്‍ 17 വിക്കറ്റുകളും നേടി ടീമിന്റെ മൂന്നാം കിരീട നേട്ടത്തില്‍ നിര്‍ണായകമായി.