തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ്. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്.
തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കെഎസ് യു തെക്കന്‍ മേഖലാ ശിബിരമാണ് നടന്നു വന്നിരുന്നത്.
സംഘര്‍ഷത്തില്‍ ഒരു നിയോജക മണ്ഡലം പ്രസിഡന്റിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച ക്യാമ്പ് അവസാനിക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെക്കാന്‍ കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.