സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

Kerala

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഐക്യൂബ് സിരീസില്‍ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 94,999 രൂപ മുതലാണ് എക്‌സ് ഷോറൂം വിലയെന്ന് കമ്പനി അറിയിച്ചു.

മൂന്ന് ബാറ്ററി ഓപ്ഷനിലാണ് ഐക്യൂബ് ഇറക്കിയത്. 2.2kwh, 3.4kwh, 5.1kwh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ഇ- സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. നിലവില്‍ ഐക്യൂബ് സിരീസില്‍ മൂന്നുലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. നൂതന സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും സുസ്ഥിര വികസനം സാധ്യമാക്കാനുമാണ് പുതിയ വേരിയന്റ് പുറത്തിറക്കിയതെന്നും കമ്പനി അറിയിച്ചു.

2.2kWh ബാറ്ററി ഓപ്ഷന്‍ ഉള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്പ്ലേയാണ് മറ്റൊരു ആകര്‍ഷണം.

3.4kWh, 5.1kWh എന്നിങ്ങനെ ടോപ് സ്‌പെസിഫിക്കേഷനുകളുള്ള വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ പെയറിംഗിന് പുറമെ അലക്സാ വോയ്സ് അസിസ്റ്റും ഡിജിറ്റല്‍ ഡോക്യുമെന്റ് സ്റ്റോറേജും ടിപിഎംഎസും ഉള്ള 7 ഇഞ്ച് ഡിസ്പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. 3.4kWh ബാറ്ററിയുള്ള വേരിയന്റിന്റെ വില 1.55 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം).

5.1kWh ബാറ്ററി പായ്ക്ക് ഉള്ള iQube ST ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്‌കൂട്ടറാണ്. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 82 കിലോമീറ്ററുമാണ് ടിവിഎസ് അവകാശപ്പെടുന്നത്. 1.85 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) സ്‌കൂട്ടറിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *