317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

Kerala

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിൽ ഒരാളായ ജേസൺ ഹോൾട്ടൺ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയാണ് ഉണ്ടായിരുന്നത്. 34-ാം പിറന്നാളിന് ഒരാഴ്ച മുൻപാണ് അദ്ദേഹത്തിന്റെ അന്ത്യം. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ജേസണിന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. അച്ഛന്റെ മരണത്തെ തുടർന്നുള്ള വിഷമം മറികടക്കുന്നതിന് കൗമാരം മുതലാണ് ജേസൺ അമിതമായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചത്. 10,000 കലോറിയാണ് ജേസൺ ഒരു ദിവസം മാത്രം കഴിച്ചിരുന്നത്. അന്ധിരക്ഷാ സേനയുടെ സഹായത്തോടെയാണ് ജേസണിനെ റോയൽ സറേ കൗണ്ടി ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്.

ജേസൺ അവസാന നാളുകളിൽ പ്രത്യേകം തയ്യാറാക്കിയ ഫർണീച്ചറുകളോടു കൂടിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആരോ​ഗ്യം വളരെ പെട്ടന്ന് മോശമാവുകയും ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാവുകയും ചെയ്തിരുന്നു. ശ്വാസതടസ്സവും നേരിട്ടിരുന്നു. മകൻ ഒരാഴ്ച കൂടിയെ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാലും അവർ അവന്റെ ജീവൻ രക്ഷിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും നിർഭാ​ഗ്യവശാൽ അതിന് സാധിച്ചില്ലെന്നും അമ്മ ലെയ്സ പറഞ്ഞു.

കഴിഞ്ഞ വർഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സമയം അവസാനിക്കാറായെന്നും എന്തെങ്കിലും പുതിയതായി പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേസൺ പറഞ്ഞിരുന്നു. നാലുവർഷം മുൻപ് ഒരിക്കൽ ജേസൺ മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ കുഴഞ്ഞു വീണപ്പോൾ തന്നെ രക്ഷിക്കാൻ 30 അന്ധിരക്ഷാ സേനയും ഒരു ക്രെയിനും ആവശ്യമായി വന്നുവെന്നും അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *