അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

Kerala

ഹൈദരാബാദ്: അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാനത്തെ പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ, ഒരു റണ്ണിന്റെ ആവേശ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കുകയും ചെയ്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയശില്‍പി.

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഭുവി ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ഇതോടെ രാജസ്ഥാന്റെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലൊതുങ്ങി. സീസണില്‍ രാജസ്ഥാന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി.

ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോസ് ബട്ട്ലറും (0), അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും (0) പൂജ്യരായി മടങ്ങി. എന്നാല്‍ ഹൈദരാബാദ് മത്സരത്തില്‍ ആധിപത്യം നേടുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് മൂന്നാം വിക്കറ്റില്‍ ജയ്സ്വാള്‍ – പരാഗ് സഖ്യം തകര്‍പ്പന്‍ ബാറ്റിങ്ങുമായി കളംനിറഞ്ഞത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 134 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.

മത്സരം രാജസ്ഥാന്റെ വരുതിയില്‍ നില്‍ക്കേ 14-ാം ഓവറില്‍ ജയ്സ്വാളിനെ മടക്കി നടരാജന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 40 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ പരാഗിനെയും വീഴ്ത്തി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മത്സരം ആവേശകരമാക്കി. 49 പന്തില്‍ നിന്ന് നാല് സിക്സും എട്ട് ഫോറുമടക്കം 77 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഐപിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കാനും താരത്തിനായി.

പിന്നാലെ ഷിംറോണ്‍ ഹെറ്റ്മയര്‍ (13), ധ്രുവ് ജുറെല്‍ (1) എന്നിവരെ മടക്കി ഹൈദരാബാദ് മത്സരം കടുപ്പമാക്കി. എന്നാല്‍ പവല്‍ ക്രീസിലുണ്ടായിരുന്നത് രാജസ്ഥാന് ആശ്വാസമായിരുന്നു. കമ്മിന്‍സ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്ത് സിക്സറിന് പറത്തി പവല്‍ അവസാന ഓവറില്‍ ലക്ഷ്യം 13 റണ്‍സാക്കി ചുരുക്കുകയും ചെയ്തു. പക്ഷേ അവസാന ഓവറില്‍ ഒരു ബൗണ്ടറി മാത്രമേ പവലിന് കണ്ടെത്താനായുള്ളൂ. അവസാന പന്തില്‍ താരത്തിന് പിഴച്ചു.

നേരത്തെ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 റണ്‍സ് നേടിയത്. 42 പന്തില്‍ 76 റണ്‍സ് നേടിയ നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 44 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ട്രാവിഡ് ഹെഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *