അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം. ടെറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം നാലോവര്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ബംഗളൂരുവിന്റെ ജയം.
ഇംഗ്ലീഷ് യുവതാരം വില്‍ ജാക്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും(41 പന്തില്‍ 100 റണ്‍സ് നേടി) വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറി(44 പന്തില്‍ 70)യുമാണ് ആര്‍സിബിക്ക് ജയം അനായാസമാക്കിയത്. നായകന്‍ ഫാഫ് ഡുപ്ലീസിസ് 12 പന്തില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്സറുകളും സഹിതം 24 റണ്‍സ് നേടി പുറത്തായി. ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാനും ആര്‍സിബിക്കായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഡേവിഡ് മില്ലറുടെ ബാറ്റിങുമാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. സായ് 49 പന്തില്‍ നാല് സിക്സും എട്ട് ഫോറും സഹിതം 84 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു.
ഐപിഎല്ലിലെ കന്നി അര്‍ധ സെഞ്ച്വറിയുമായി ഷാരൂഖ് ഖാന്‍ 30 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും സഹിതം 58 റണ്‍സ് കണ്ടെത്തി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 26 റണ്‍സും അടിച്ചെടുത്തു. മില്ലറും നോട്ടൗട്ട്. ഒരു സിക്സും രണ്ട് ഫോറും താരം തൂക്കി. ഷാരൂഖിനെ കൂടാതെ വൃദ്ധിമാന്‍ സാഹ (5), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ബംഗളൂരുവിനായി സ്വപ്നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.