എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

Kerala

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രചാരണ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പാര്‍ട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.

രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ‘ജയില്‍ കാ ജവാബ് വോട്ട് സേ’ (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാര്‍ട്ടി എംഎല്‍എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തുവിട്ടത്. ജയിലഴിക്കു പിന്നില്‍ നില്‍ക്കുന്ന കെജരിവാളിന്റെ ചിത്രം പിടിച്ച് നില്‍ക്കുന്ന ജനക്കൂട്ടത്തെയും ഗാനരംഗത്തില്‍ കാണാം.

1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2024 മാര്‍ച്ചില്‍ ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ഒരു പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ആരോപിച്ചു. ഉള്ളടക്കത്തിലെ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടതോടെ ഗാനം അതിന്റെ നിലവിലെ രൂപത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെയായെന്നും അതിഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *