104*, യശസ്വിയുടെ തിരിച്ചു വരവ്, സന്ദീപിന്റെ 5 വിക്കറ്റുകള്‍; മുംബൈ തവിടുപൊടി, പ്ലേ ഓഫ് അരികില്‍ രാജസ്ഥാന്‍

Kerala

ജയ്പുര്‍: ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സിനെ അവര്‍ 9 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 183 റണ്‍സെടുത്താണ് വിജയിച്ചത്.

മഴ ഇടയ്ക്ക് കളി മുടക്കിയെങ്കിലും രാജസ്ഥാന്റെ വിജയം തടയാന്‍ പക്ഷേ അതിനൊന്നും കഴിഞ്ഞില്ല. ജയത്തോടെ അവര്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്തു.

യശസ്വി ജയ്‌സ്വാളിന്റെ കിടിലന്‍ സെഞ്ച്വറിയാണ് രാജസ്ഥാന്റെ ജയം അനായാസമാക്കിയത്. താരം 60 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ഫോറും സഹിതം 104 റണ്‍സെടുത്തു. ഫോം കിട്ടാതെ സീസണില്‍ ഉഴറിയ താരത്തിന്‍റെ മടങ്ങി വരവ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.

ജോഷ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാനു നഷ്ടമായത്. താരം 25 പന്തില്‍ 35 റണ്‍സെടുത്തു. രാജസ്ഥാന് നഷ്ടമായ ഏക വിക്കറ്റ് മുംബൈ നിരയില്‍ പിയൂഷ് ചൗള സ്വന്തമാക്കി.

ജയം സ്വന്തമാക്കുമ്പോള്‍ യശസ്വിക്കൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണും പുറത്താകാതെ ക്രീസില്‍ നിന്നു. സഞ്ജു 28 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 38 റണ്‍സ് കണ്ടെത്തി.

നേരത്തെ ടോസ് നേടി മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ പിഴുത സന്ദീപ് ശര്‍മയുടെ പേസ് ബൗളിങാണ് മുംബൈയെ 179ല്‍ ഒതുക്കിയത്. താരം നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയുടെ അവസരോചിത ബാറ്റിങാണ് മുംബൈയെ രക്ഷിച്ചത്. ഒപ്പം നേഹല്‍ വധേരയും മികവ് പുലര്‍ത്തി. മുഹമ്മദ് നബിയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരാള്‍. മാറ്റെല്ലാവരും ക്ഷണം മടങ്ങി.

52 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് തിലകും നേഹലും ക്രീസില്‍ ഒന്നിച്ചത്. തിലക് 45 പന്തില്‍ മൂന്ന് സിക്സും അഞ്ച് ഫോറും സഹിതം 65 റണ്‍സെടുത്തു. നേഹല്‍ 24 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 49 റണ്‍സും സ്വന്തമാക്കി. മുഹമ്മദ് നബി 17 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 23 റണ്‍സെടുത്തു.

രാജസ്ഥാനു വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *