10 അനാക്കോണ്ടകളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമം; യാത്രക്കാരനെ ബംഗളൂരുവില്‍ പൊക്കി

Kerala

ബംഗളൂരു: ഇന്ത്യയിലേക്ക് 10 അനാക്കോണ്ടയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ബംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. മഞ്ഞ നിറത്തിലുള്ള 10 അനാക്കോണ്ടകളെ കടത്താനാണ് യാത്രക്കാരന്‍ ശ്രമിച്ചത്. ചെക്ക് ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ബാങ്കോക്കില്‍ നിന്നാണ് അനാക്കോണ്ടയുമായി യാത്രക്കാരന്‍ വിമാനത്തില്‍ കയറിയത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു.

വന്യമൃഗങ്ങളെ കടത്തുന്നത് ഒരു വിധത്തിലും അനുവദിക്കില്ലെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് കുറിപ്പ്. മഞ്ഞ അനക്കോണ്ട ജലാശയങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന ഒരു പാമ്പിനമാണ്. ബൊളീവിയ, ബ്രസീല്‍, വടക്കുകിഴക്കന്‍ അര്‍ജന്റീന, തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞ അനക്കോണ്ടകള്‍ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യന്‍ നിയമം അനുസരിച്ച് വന്യജീവികളെ കടത്തുന്നത് നിയമവിരുദ്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *