പൊതുമേഖല ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ്, ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; പട്ടിക പുറത്തുവിട്ട് കേന്ദ്രം

Kerala

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. യഥാര്‍ഥത്തിലുള്ളത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ആപ്പുകളുടെ കെണിയില്‍ വീണാല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ ഇടയാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സൈബര്‍ സുരക്ഷാ ബോധവത്കരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപം നല്‍കിയ സൈബര്‍ ദോസ്ത് വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്. വ്യാജ ആപ്പുകളുടെ പേരുകള്‍ നല്‍കി കൊണ്ടാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പൊതുമേഖല ബാങ്കായ യൂണിയന്‍ ബാങ്കിന്റെ പേരിലുള്ളതാണ് ഒരു വ്യാജ ആപ്പ്. ഒറ്റ നോട്ടത്തില്‍ യൂണിയന്‍ ബാങ്കിന്റേത് എന്ന് തോന്നിപ്പിക്കുന്ന Union-Rewards.apk ന്റെ കെണിയില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. റിവാര്‍ഡുകള്‍ ഓഫര്‍ ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.

വ്യാജ സ്റ്റോക്ക് ട്രേഡിങ് ആപ്പുകളാണ് മറ്റൊരു ഭീഷണി. ഇന്ത്യയില്‍ നിരവധിപ്പേര്‍ക്കാണ് ഇത്തരം വ്യാജ ആപ്പുകളുടെ കെണിയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടമായത്. ഇത്തരത്തിലുള്ള വ്യാജ സ്റ്റോക്ക് ട്രേഡിങ് ആപ്പുകള്‍ക്കെതിരെ ഐഫോണ്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. Group-S app, INSECG, CHS-SES, SAAI, SEQUOIA and GOOMI എന്നി വ്യാജ ആപ്പുകള്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.

ഇവ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ അല്ല. വ്യാജ ഡിജിറ്റല്‍ വാലറ്റില്‍ ലാഭം ലഭിച്ചതായി കാണിച്ചാണ് ഇവര്‍ ലക്ഷങ്ങള്‍ തട്ടുന്നത്. സ്റ്റോക്ക് ട്രേഡിങ് എന്ന പേരില്‍ നടത്തുന്ന ഇത്തരം വ്യാജ ആപ്പുകളുടെ കെണിയില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *