24 മണിക്കൂറില്‍ ഒന്നര വര്‍ഷത്തെ മഴ!, ‘വെള്ളത്തിലായി’ യുഎഇ, വിമാനങ്ങള്‍ റദ്ദാക്കി

Kerala

ദുബൈ: യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ.

ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ശക്തമായ കാറ്റു വീശുന്നള്ളതിനാല്‍ വീടിന് പുറത്തിറങ്ങരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.

ഇരുപത്തി നാലു മണിക്കൂറിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 20 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വെള്ളക്കെട്ടിനെത്തുടര്‍ന്നു കേരളത്തിലേക്കുള്ളപ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. സ്‌കൂളുകള്‍ക്ക് എല്ലാം നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പലരും വീടുകള്‍ വിട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്. 45ലേറെ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. അബൂദബിസ ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, അല്‍ഐന്‍ തുടങ്ങിയ യുഎഇയിലെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. റോഡുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

യുഎഇയുടെ കിഴക്കന്‍ തീരത്തുള്ള ഫുജൈറയിലാണ് ഏറ്റവും ശക്തമായ മഴ പെയ്തത്. സ്ഥിരമായി മഴ പെയ്യാത്ത സ്ഥലങ്ങളായതിനാല്‍ പല സ്ഥലങ്ങളിലും ഡ്രെയിനേജ് ഇല്ലാത്തത് വെള്ളക്കെട്ടിന് കാരണമായി. അയല്‍രാജ്യമായ ഒമാനിലും കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഇന്നലെ തന്നെ 18 ആയിരുന്നു. ഇതില്‍ 10 കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റാസല്‍ഖൈമയില്‍ മഴവെള്ളപ്പാച്ചിലില്‍ വാഹനം ഒലിച്ചുപോയതിനെത്തുടര്‍ന്ന് 70 കാരനായ ഒരാള്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *