ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടന്ന ലേലത്തില്‍ ഒരു മുട്ട വിറ്റുപോയത് 2.26 ലക്ഷം രൂപയ്ക്ക്. ലേലത്തില്‍ വാങ്ങിയ മുട്ട വീണ്ടും പള്ളിയ്ക്ക് തന്നെ മടക്കിനല്‍കി ഒന്നിലധികം തവണ ലേലം നടത്തിയാണ് ഇത്രയുമധികം രൂപ സമാഹരിച്ചത്. പള്ളിയുടെ നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ച വിശ്വാസികളാണ് മുട്ട ലേലത്തില്‍ വാങ്ങിയ ശേഷം പള്ളിക്ക് തന്നെ തിരികെ നല്കി മാതൃകയായത്. ഒടുവില്‍ യുവ ബിസിനസുകാരനായ ഡാനിഷ് അഹമ്മദ് 70,000 രൂപയ്ക്കാണ് മുട്ട വാങ്ങിയത്. ഒന്നിലധികം ദിവസങ്ങളിലായി നടന്ന ലേലത്തിലൂടെ മുട്ടയില്‍ നിന്ന് മാത്രം 2,26,350 രൂപയാണ് സമാഹരിച്ചത്.
വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് പള്ളിയുടെ നിര്‍മ്മാണത്തിന് നാട്ടുകാര്‍ ഉദാരമായി സംഭാവന ചെയ്തത്. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള സോപാറിലെ ഒരു ഗ്രാമത്തിലാണ് ഹൃദയസ്പര്‍ശിയായ മുട്ടയുടെ ലേലം നടന്നത്. പള്ളിയുടെ നിര്‍മ്മാണത്തിനായി പള്ളി കമ്മിറ്റിയാണ് ജനങ്ങളില്‍ നിന്ന് സംഭാവന തേടിയത്. പണമായും അല്ലാതെയുമാണ് സംഭാവന സ്വീകരിച്ചിരുന്നത്. ഒരു വയോധികയാണ് മുട്ട സംഭാവനയായി നല്‍കിയത്.
പണത്തിന്റെ രൂപത്തിലല്ലാതെ കിട്ടുന്ന സാധനങ്ങളാണ് ലേലത്തില്‍ വിറ്റത്. ഇക്കൂട്ടത്തിലാണ് മുട്ട സ്റ്റാർ ആയത്. ലേലത്തില്‍ വിറ്റ മുട്ടയില്‍ നിന്നാണ് രണ്ടുലക്ഷത്തിലധികം രൂപ ലഭിച്ചത്. ഒരു മുട്ടയ്ക്ക് വേണ്ടി മൂന്ന് ദിവസമാണ് ലേലം നടന്നത്. ഓരോ റൗണ്ട് കഴിയുമ്പോഴും പണം മുടക്കി ലേലത്തില്‍ വാങ്ങിയ മുട്ട തിരികെ പള്ളി കമ്മിറ്റിക്ക് നല്‍കുകയാണ് ചെയ്തത്. പള്ളി നിര്‍മ്മാണത്തിന് കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയാണ് ലേലത്തില്‍ പങ്കെടുത്തവര്‍ കൂടുതല്‍ ഉദാരമനസ്കത കാണിച്ചത്.
ലേലത്തിന്റെ അവസാന ദിവസം യുവ ബിസിനസുകാരനായ ഡാനിഷ് അഹമ്മദ് ആണ് മുട്ട വാങ്ങിയത്. 70000 രൂപയാണ് ഒരു മുട്ടയ്ക്ക് ആയി ഡാനിഷ് മുഹമ്മദ് സംഭാവന ചെയ്തത്. പള്ളി നിര്‍മ്മാണം വേഗം തീരുന്നതിന് വേണ്ടിയും വിശ്വാസത്തിന്റെ ഭാഗമായുമാണ് ഇത്രയുമധികം രൂപ സംഭാവന നല്‍കിയതെന്ന് ഡാനിഷ് അഹമ്മദ് പറയുന്നു.