മുംബൈ: ഇന്ത്യന്‍ വനിതാ ടീമില്‍ ഇടം പിടിച്ച് മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും. ബംഗ്ലാദേശിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സജന ഇടംപിടിച്ചത്. ഇരുവരും വനിതാ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സജന മുംബൈ ഇന്ത്യന്‍സിന്റെയും ആശ ശോഭന റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെയും താരങ്ങളായിരുന്നു.
ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍, സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, ടിറ്റാസ് സാധു എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്.
മാനന്തവാടി സ്വദേശിനിയായ സജന അണ്ടര്‍- 23 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്റെയും ഇന്റര്‍ സോണ്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗത്ത് സോണ്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. സജ്നയുടെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യമായി കേരളത്തിന് അണ്ടര്‍ 23 കിരീടം സമ്മാനിച്ചത്. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ വിജയ റണ്‍സ് കുറിച്ചതോടെയാണ് സജനയെ ലോകമറിഞ്ഞത്.