ബംഗളൂരു: ഐപിഎല്ലില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ ആകെ 44 സിക്‌സറുകളാണ് പിറന്നത്.
20 പന്തില്‍ 42 റണ്‍സെടുത്ത് വിരാട് കോഹ് ലി ആക്രമണത്തിന് തുടക്കമിട്ടത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 28 പന്തില്‍നിന്ന് 62 റണ്‍സ് അടിച്ചെടുത്തു. ഒന്നാം വിക്കറ്റില്‍ കോഹ് ലി – ഡു പ്ലെസിസ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു.
വിക്കറ്റുകള്‍ വീണതോടെ കൈവിട്ടു പോയെന്നു കരുതിയ മത്സരത്തെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കാണു തിരിച്ചുപിടിച്ചത്. 35 പന്തില്‍നിന്ന് 83 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ഔട്ടായതോടെ ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍ മങ്ങി. ഏഴ് സിക്‌സും അഞ്ച് ഫോറും താരം നേടി. അനുജ് റാവത്ത് (25), മഹിപാല്‍ ലോംറോര്‍ (19) എന്നിവരും രണ്ടക്കം കടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. എട്ട് സിക്‌സും ഒമ്പത് ഫോറും അടിച്ച ട്രാവിസ് ഹെഡ് (41 പന്തില്‍ 102), ഹെന്റിച്ച് ക്ലാസന്‍ (31 പന്തില്‍ 67) എന്നിവരാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.