മുംബൈ: ഐപിഎല്ലില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റ് നേടിയ പേസര്‍ മതീഷ പതിരാനയുടെ പ്രകടനമാണ് ചൈന്നെയ്ക്ക് നിര്‍ണായകമായത്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി രോഹിത് ശര്‍മ തകര്‍പ്പന്‍ സെഞ്ച്വറിയോടെ 63 ബോളില്‍ 105* നേടിയെങ്കിലും ജയം പിടിക്കാനായില്ല. 11ാം ഓവറില്‍ നൂറ് കടന്നെങ്കിലും മധ്യ നിരയുടെ തകര്‍ച്ച മുംബൈയ്ക്ക് തിരിച്ചടിയായി.
മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ഇഷാന്‍ കിഷാനും (15 പന്തില്‍ 23) ചേര്‍ന്ന് മുംബൈയ്ക്കു നല്‍കിയത്. തുടക്കം മുതല്‍ രോഹിത് അടിച്ചുകളിച്ചതോടെ മുംബൈ സ്‌കോര്‍ കുതിച്ചു. ഏട്ടാം ഓവറിന്റെ ആദ്യ പന്തില്‍ ഇഷാന്‍ പുറത്താകുമ്പോള്‍ മുംബൈ സ്‌കോര്‍ 70 ആയിരുന്നു. എന്നാല്‍ അതേ ഓവറിന്റെ മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിനെ മതീഷ് പതിരന സംപൂജ്യനായി മടക്കിയത് തിരിച്ചടിയായി.
പിന്നീടെത്തിയ തിലക് വര്‍മ (20 പന്തില്‍ 31), ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 2), ടിം ഡേവിഡ് (5 പന്തില്‍ 13), റൊമാരിയോ ഷെപ്പേര്‍ഡ് (2 പന്തില്‍ 1), എന്നിങ്ങനെയാണ് മുംബൈ ബാറ്റര്‍മാര്‍ പുറത്തായി. അവസാനം വരെ ക്രീസില്‍ ഉറച്ചുനിന്ന രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ 4 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 206 റണ്‍സ് സ്‌കോര്‍ ചെയ്തത്. ചെന്നൈയ്ക്കായി 40 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗെയ്കവാദ് 38 പന്തില്‍ 66 റണ്‍സ് നേടിയ ശിവം ദുബെ എന്നിവര്‍ മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 8 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയ രഹാനയെ ജെറാള്‍ഡാണ് മടക്കിയത്. രചിന്‍ രവീന്ദ്ര(16 പന്തില്‍ 21) ചേര്‍ന്ന് ഗെയ്കവാദ് സ്‌കോര്‍ 60 എത്തിച്ചു. ശ്രേയസ് ഗോപാലിന്റെ ഓവറില്‍ രചിന്‍ പുറത്താകുകയായിരുന്നു.
പിന്നീട് ദുബെ- ഗെയ്കവാദ് സഖ്യം സ്‌കോര്‍ 150 കടത്തി. 16 മത്തെ ഓവറില്‍ ഗെയ്കവാദിനെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യ മുംബൈക്ക് ബ്രേക്ക് ത്രു നല്‍കി. പിന്നീട് 14 പന്തില്‍ 17 റണ്‍സെടുത്ത ഡാരില്‍ മിച്ചലിണെയും പാണ്ഡ്യ മടക്കി. പിന്നീടെത്തിയ ധോനി 4 പന്തില്‍ 20 റണ്‍സ് നേടി അവസാന ഓവര്‍ തകര്‍ത്തടിച്ചു. ഹര്‍ദിക്കിന്റെ തുടര്‍ച്ചയായ മൂന്ന് പന്തില്‍ സിക്സര്‍ പറത്തി ധോനി.