ധനുഷ് മൂന്നാമത്തെ മകനെന്ന് അവകാശവാദം, എട്ട് വർഷത്തെ നിയമപോരാട്ടം; കതിരേശൻ മരിച്ചു

Kerala

മിഴ് സൂപ്പർതാരം ധനുഷിന്റെ അച്ഛനെന്ന് അവകാശപ്പെട്ട് വർഷങ്ങളോളം നിയമപോരാട്ടം നടത്തിയ കതിരേശൻ മരിച്ചു. 70 കാരനായ കതിരേശൻ കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടം തുടരുന്നതിനിടെയാണ് മരണം.

മധുര മേലൂരിലെ മലംപട്ടി ​ഗ്രാമത്തിലെ ദമ്പതികളായ കതിരേശനും മീനാക്ഷിയും എട്ട് വർഷം മുൻപാണ് ധനുഷ് മകനാണെന്ന അവകാശവാദവുമായി രം​ഗത്തെത്തിയത്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നായിരുന്നു അവകാശവാദം. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ 2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നൽകുന്നത്.

തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നായിരുന്നു ഇവരുടെ വാദം. ആവശ്യമെങ്കിൽ ഡിഎന്‍എ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെട്ടു. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാൽ ദമ്പതികള്‍ക്കു താനുമായി യാതൊരു ബന്ധമില്ലെന്നും അവരെ ആരോ പറഞ്ഞു പറ്റിച്ചതാണെന്നുമാണ് ധനുഷ് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരായ ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ധനുഷ് അവരുടെ മകനാണെന്ന അടയാളങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു.

വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുര ഹൈക്കോടതിയെ ഇവർ സമീപിച്ചിരുന്നു. ധനുഷ് മകനെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാനായില്ലെന്നാണ് വിധി വന്നത്. കൂടാതെ ഹര്‍ജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് ഹർജി നൽകിയതെന്നും കോടതി ആരോപിച്ചിരുന്നു. എന്നാൽ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നുമായിരുന്നു കതിരേശന്റേയും മീനാക്ഷിയുടേയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *