മല്ലികാർജുൻ ഖാർഗെ 20നും പ്രിയങ്ക ഗാന്ധി 22നും ഡി.കെ ശിവകുമാർ 18നുമെത്തും
വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ചയെത്തും. രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് മണ്ഡലത്തിലെത്തുക. തിങ്കളാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് സംസ്ഥാന നേതാക്കൾ സ്വീകരിക്കും. രാവിലെ പത്തിന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് തുടക്കമാവുക. തുടർന്ന് 11ന് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കും. 12ന് മാനന്തവാടിയിലും 2.15ന് വെള്ളമുണ്ടയിലും മൂന്നിന് പടിഞ്ഞാറെത്തറയിലും റോഡ് ഷോ നടത്തും. ശേഷം അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 9.30ന് കൊടിയത്തൂരിൽ റോഡ് ഷോയോടെയാണ് ചൊവ്വാഴ്ചയിലെ പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് 10.30ന് കീഴുപറമ്പ്, 11.30ന് ഊർങ്ങാട്ടിരി, മൂന്നിന് മമ്പാട്, നാലിന് നിലമ്പൂർ, 5.30ന് കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. ഓരോ കേന്ദ്രങ്ങളിലും രാഹുൽ ഗാന്ധി വാഹനത്തിൽ നിന്ന് പൊതുജനങ്ങളുമായി സംവദിക്കും.
അഖിലേന്ത്യ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ 20നും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 22നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ 18നും തെലുങ്കാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക) 17നും കെ.പി.സി.സി ആക്ടിങ് പ്രസിഡൻ്റ് എം.എം ഹസ്സൻ 17നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 18നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല 19നും മണ്ഡലത്തിൽ പ്രചാരണം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് ചെയർമാൻ അനൂപ് ജേക്കബ്, കേരള കോൺഗ്രസ് (ജെ) നേതാവ് മോൻസ് ജോസഫ്, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, കെ.എൻ.എ ഖാദർ, കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മാത്യു കുഴൽനാടൻ എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി, ഷിബു മീരാൻ എന്നിവരും വിവിധ ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. എം.എൽ.എമാരുടെ വൻ നിരതന്നെ വിവിധ ഇടങ്ങളിൽ നടക്കുന്ന കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.
രാജ്യത്തെ ന്യൂനപക്ഷ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്നും വ്യക്തിനിയമവും പൗരത്വ നിയമ ഭേദഗതിയുമടക്കം ഭരണഘടനപരമായ കാര്യങ്ങളെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടന പത്രിയിൽ ബി.ജെ.പി അസ്വസ്ഥരാണ്. അതുകൊണ്ടാണ് പത്രിക പുറത്തിറക്കി ഏഴ് മണിക്കൂറിനുള്ളിൽ നരേന്ദ്രമോദി അതിനെതിരെ രംഗത്തെത്തിയത്. ഭരണഘടന പൗരന് നൽകുന്ന എല്ലാ അവകാശങ്ങളും കോൺഗ്രസ് സംരക്ഷിക്കും. സാമ്പത്തിക നീതി നിഷേധവും ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം ഉണ്ടാക്കിയ മോദി സർക്കാരിൻ്റെ നടപടികളുമാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.