ജയ്പൂര്‍: രണ്ട് ഓവറില്‍ 35 റണ്‍സ്… രാജസ്ഥാനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ നില്‍ക്കെ കടുത്ത ഗുജറാത്ത് ആരാധകര്‍ പോലും വിജയം പ്രതീക്ഷിച്ച് കാണില്ല. വാലറ്റത്ത് റാഷിദ് ഖാനും രാഹുല്‍ തെവാത്തിയയും പുറത്തെടുത്ത പോരാട്ടവീര്യമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
രാജസ്ഥാന് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. ഫോര്‍ അടിച്ചാണ് റാഷിദ് ടീമിന്റെ ജയം ഉറപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലു കളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ രാജസ്ഥാന്റെ ആദ്യ പരാജയത്തിനും കളിക്കളം സാക്ഷിയായി. മത്സരത്തിന് ശേഷമുള്ള ചോദ്യത്തിന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നല്കിയ മറുപടി കമന്റേറ്ററെ അമ്പരപ്പിച്ചു. എവിടെയാണ് മത്സരം കൈയില്‍ നിന്ന് പോയത് എന്ന ചോദ്യത്തിന് സഞ്ജു നല്കിയ മറുപടിയാണ് അമ്പരപ്പുളവാക്കിയത്.
മത്സരത്തിന്റെ അവസാന പന്തിലാണ് കളി കൈവിട്ടത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ, റാഷിദ് ഖാന് ഫോര്‍ അടിച്ചാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. ‘ഇപ്പോള്‍ സംസാരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ടൂര്‍ണമെന്റിലെ ഏറ്റവും പ്രയാസമേറിയ ജോലി ഒരു ക്യാപ്റ്റന്‍ കളിയില്‍ തോറ്റപ്പോള്‍ എവിടെയാണ് കളി തോറ്റതെന്ന് പറയേണ്ടി വരുമ്പോഴാണ്. ഗുജറാത്ത് ടൈറ്റന്‍സിന് ക്രെഡിറ്റ് നല്‍കുക അതാണ് ഈ മത്സരത്തിന്റെ ഭംഗി. പഠിച്ച് മുന്നോട്ട് പോകേണ്ടി വരും. ഞാന്‍ ബാറ്റിങ്ങിനിടെ വിചാരിച്ചത് 180ന് അടുത്ത് സ്കോര്‍ ചെയ്താല്‍ ശക്തമായി പോരാടാനുള്ള സ്കോര്‍ ആയെന്നാണ്. 196 എന്നത് വിജയിക്കുന്ന സ്കോര്‍ ആണെന്നാണ് ഞാന്‍ കരുതിയത്’- സഞ്ജു സാസംണ് പറഞ്ഞു.