കൊച്ചി: കിഫ്ബിയിലെ ഫെമ നിയമലംഘന കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആര് രവി വ്യക്തമാക്കി. എന്നാല്‍ ഇഡി ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ചില ഇടപാടുകള്‍ക്ക് വിശദീകരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങള്‍ ഇഡിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും.