മുംബൈ: പ്രമുഖ ഗൃഹോപകരണ കമ്പനിയായ വോള്‍ട്ടാസ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് പത്തുശതമാനം ഉയര്‍ന്നതോടെ അപ്പര്‍ സര്‍ക്യൂട്ടില്‍ വോള്‍ട്ടാസ് ലോക്ക് ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം എസി വിറ്റതായുള്ള വോള്‍ട്ടാസിന്റെ പ്രഖ്യാപനമാണ് മുന്നേറ്റത്തിന് കാരണം. രാജ്യം കടുത്ത ചൂട് നേരിടുകയാണ്. എസിയുടെ വില്‍പ്പന വിപണിയില്‍ തകൃതിയായി നടക്കുന്നതിനിടെയാണ് വോള്‍ട്ടാസിന്റെ പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെയാണ് വോള്‍ട്ടാസ് ഓഹരി മുന്നേറിയത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് വോള്‍ട്ടാസ്.
എസി വില്‍പ്പനയുടെ ചരിത്രത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും വലിയ മുന്നേറ്റമാണ് വോള്‍ട്ടാസ് നടത്തിയത്. വിറ്റ എസിയുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഓഹരിക്ക് 1355 എന്ന നിലയിലാണ് വോള്‍ട്ടാസിന്റെ വില്‍പ്പന തുടരുന്നത്. എയര്‍ കൂളര്‍ അടക്കം മറ്റു സെഗ്മെന്റുകളിലും വോള്‍ട്ടാസ് കഴിഞ്ഞ സാമ്പത്തികവര്‍ഷം മികച്ച നേട്ടമാണ് കൈവരിച്ചത്. മൊത്തത്തില്‍ 50ലക്ഷം ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വോള്‍ട്ടാസ് വിറ്റത്.