ലക്നൗ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് മിന്നും വിജയം. അഞ്ച് വിക്കറ്റ് പിഴുത യഷ് ഠാക്കൂറിന്റെ മിന്നും പ്രകടനമാണ് ഗുജറാത്തിനെ മുട്ടുകുത്തിച്ചത്. 3.5 ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു യഷ് അഞ്ച് വിക്കറ്റ് പിഴുതത്. ലക്നൗ സൂപ്പർ ജയ്‌ന്റ്സിനെ 164 റൺസിൽ ഒതുക്കിയ ഗുജറാത്ത് അനായാസവിജയം പ്രതീക്ഷിച്ചാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ യഷിനൊപ്പം ക്രുനാൽ പാണ്ഡ്യയും ചേർന്നതോടെ ഗുജറാത്ത് തകർന്നടിയുകയായിരുന്നു. 33 റൺസിനാണ് ലക്നൗ സൂപ്പർ ജയ്‌ന്റ്സിന്റെ വിജയം.
ഓപ്പണർ സായ് സുദർശനും (23 പന്തിൽ 31), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (21 പന്തിൽ 19) ചേർന്ന ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിനു നൽകിയത്. ആറാം ഓവറിൽ ഗില്ലിനെ പുറത്താക്കി യഷ് ഠാക്കൂറാണ് ഗുജറാത്തിന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ വന്ന ആർക്കും തിളങ്ങാൻ കഴിയാതെ വന്നതാണ് തിരിച്ചടിയായത്.
കെയ്ൻ വില്യംസൻ (5 പന്തിൽ 1), ബി.ആർ.ശരത് (5 പന്തിൽ 2), വിജയ് ശങ്കർ (17 പന്തിൽ 17), ദർശൻ നൽകണ്ഠേ (11 പന്തിൽ 12), റാഷിദ് ഖാൻ (പൂജ്യം) എന്നിവർ വളരെ വേഗത്തിലാണ് പവലിയനിലേക്ക് മടങ്ങിയത്. കൂട്ടത്തിൽ രാഹുൽ തെവാത്തിയ (25 പന്തിൽ 30) മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. ഇതോടെ 18.5 ഓവറിൽ 130 റൺസിൽ ഗുജറാത്തിന്റെ കളി അവസാനിക്കുകയായിരുന്നു. ലക്‌നൗവിനായി നവീൻ ഉൽ ഹഖ്, രവി ബിഷ്ണോയ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.