റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 10 കിലോ ഭാഗും ഒമ്പത് കിലോ കഞ്ചാവും കാണാതായതില്‍ എലികളെ കുറ്റപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
മയക്കുമരുന്ന് പൊലീസ് സ്റ്റേഷന്റെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് എലികള്‍ പൂര്‍ണമായും നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 ഡിസംബര്‍ 14 ന് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമായി ശംഭുപ്രസാദ് അഗര്‍വാളിനെയും മകനെയും രാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജയപ്രകാശ് പ്രസാദിനോട് പിടിച്ചെടുത്ത ഭാംഗും കഞ്ചാവും ഏപ്രില്‍ ആറിന് കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ വേളയില്‍ കോടതി ഉത്തരവിട്ടിരുന്നു. കണ്ടുകെട്ടിയ വസ്തുക്കള്‍ പൊലീസിന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കക്ഷിയെ കള്ളക്കേസില്‍ പെടുത്തിയെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.