12 പന്തില്‍ 37, അഭിഷേക്… ചുമ്മാ തീ! ചെന്നൈ വീണ്ടും തോറ്റു

Kerala

ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഹൈദരാബാദ് 11 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്താണ് വിജയിച്ചത്.

എത്തിപ്പിടിക്കാന്‍ സാധിക്കുന്ന ലക്ഷ്യമായിട്ടും, അതിവേഗ തുടക്കം ലഭിച്ചിട്ടും ഇടയ്ക്ക് ചെന്നൈ ഹൈദരാബാദ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഹെയ്ന്റിച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നു ടീമിനെ വിജയത്തിലെത്തിച്ചു.

മിന്നും തുടക്കമാണ് ഹൈദരാബാദിനു ട്രാവിസ് ഹെഡ്ഡ്- അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ അഭിഷേക് മടങ്ങുമ്പോള്‍ ബോര്‍ഡില്‍ 46 റണ്‍സ് ഉണ്ടായിരുന്നു. അഭിഷേക് വെറും 12 പന്തുകള്‍ മാത്രമാണ് നേരിട്ടത്. 37 റണ്‍സ് താരം അടിച്ചു. അതില്‍ 36 റണ്‍സും പിറന്നത് ബൗണ്ടറികളില്‍ നിന്നു. താരം നാല് സിക്‌സും മൂന്ന് ഫോറും പറത്തി മിന്നല്‍ തുടക്കമിട്ടാണ് മടങ്ങിയത്.

ഇംപാക്ട് പ്ലെയറായി മുകേഷ് ചൗധരിയെ ഇറക്കിയ ചെന്നൈയുടെ തന്ത്രം അമ്പേ പാളിപ്പോയി. താരത്തിന്റെ ഒറ്റ ഓവറില്‍ 27 റണ്‍സ് പിറന്നു. മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് ഈ ഓവറില്‍ അഭിഷേക് അടിച്ചെടുത്തത്.

താരം മടങ്ങിയ ശേഷം കടിഞ്ഞാണ്‍ ഹെഡ്ഡിന്റെ കൈയിലായി. ഒപ്പം എയ്ഡന്‍ മാര്‍ക്രം കൂടി എത്തിയതോടെ തുടക്കത്തിലെ താളം ഹൈദരാബാദ് തെറ്റാതെ കൊണ്ടു പോയി. മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. ഹെഡ്ഡ് 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. മാര്‍ക്രം 36 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സും കണ്ടെത്തി.

പിന്നീട് ചെന്നൈ ബൗളിങ് മുറുക്കിയതോടെ ഹൈദരാബാദ് മെല്ലെപ്പോക്കിലായി. അതിനിടെ ഷഹബാസ് അഹമദ് (18) പുറത്തായി. പിന്നീടാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്ലാസന്‍- നിതീഷ് സഖ്യം ടീമിനു വിജയം സമ്മാനിച്ചത്. ക്ലാസന്‍ 10 റണ്‍സും നിതീഷ് 14 റണ്‍സുമായും പുറത്താകാതെ നിന്നു.

ചെന്നൈക്കായി മൊയീന്‍ അലി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *