തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനകളും ഇളവുകളും ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഭൂമി പണയം വച്ച് വായ്പ എടുക്കുന്നതിനുള്ള ചെലവ് കൂടും. ചെക്കുകേസിനും വിവാഹ മോചനക്കേസിനും ഫീസ് വര്‍ധിപ്പിച്ചതും ഇന്നുമുതല്‍ യാഥാര്‍ഥ്യമാകും.
കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിന്റെ താങ്ങുവില 178 ല്‍ നിന്ന് 180 ആയി ഉയരും. സ്വയം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും 15 പൈസയായി ഉയരും. അതിനിടെ ടൂറിസ്റ്റ് ബസ് നികുതി കുറയും.
കെഎസ്ഇബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറില്‍ നിന്ന് പത്തുപൈസയാക്കിയെങ്കിലും തല്‍ക്കാലം വൈദ്യുതി നിരക്കില്‍ ഇത് പ്രതിഫലിക്കില്ല. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്‌കോയുടെ വരുമാനം കുറയും. പക്ഷേ മദ്യത്തിന്റെ വില കൂടില്ല. ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ഭൂമി തരംതിരിക്കലടക്കം പൂര്‍ത്തിയായ ശേഷം മാത്രമെ നിര്‍ദ്ദേശം നടപ്പാകു.