ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ശ്രീലങ്ക ടീം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 531 റണ്‍സ് ടോട്ടല്‍ പടുത്തുയര്‍ത്തിയാണ് ശ്രീലങ്കയുടെ നേട്ടം. ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ടീമിലെ ഒരു ബാറ്ററും സെഞ്ച്വറി നേടാതെ ഏറ്റവും വലിയ സ്കോര്‍ പടുത്തുയര്‍ത്തിയാണ് ലങ്ക റെക്കോര്‍ഡിട്ടത്.
ഇന്ത്യയുടെ റെക്കോര്‍ഡാണ് ലങ്ക തകര്‍ത്തത്. 48 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. 1976ല്‍ ന്യൂസിലന്‍ഡിനെതിരെ കാണ്‍പുരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്തു ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. അന്ന് ഒരു താരവും മൂന്നക്കം കടന്നില്ല.
ബംഗ്ലാദേശിനെതിരെ ആറ് ലങ്കന്‍ ബാറ്റര്‍മാരാണ് അര്‍ധ സെഞ്ച്വറി നേടിയത്. രണ്ട് താരങ്ങള്‍ 90 മുകളിലും സ്കോര്‍ ചെയ്തു. 93 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ടോപ് സ്കോറര്‍. താരം പുറത്തായി. 92 റണ്‍സുമായി കാമിന്ദു മെന്‍ഡിസ് ക്രീസില്‍ തുടര്‍ന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ സെഞ്ച്വറിയടിക്കാതെ മടങ്ങി.
ഓപ്പണര്‍മാരായ ദിമുത് കരുണരത്നെ (86), നിഷാന്‍ മദുഷ്ക (57), വെറ്ററന്‍ താരം ദിനേഷ് ചാന്‍ഡിമല്‍ (59), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (70) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍.