‘ഞാന്‍ ഇരുന്ന് കരയുകയായിരുന്നു, പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാമായിരുന്നു’; ആടുജീവിതം കണ്ട് നജീബ്

Kerala

താന്‍ അനുഭവിച്ച ജീവിതം കാണാന്‍ തിയറ്ററില്‍ എത്തി നജീബ്. സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെയാണ് ആടുജീവിതം കാണാന്‍ നജീബ് തിയറ്ററില്‍ എത്തിയത്. സിനിമ കണ്ട് തിയറ്ററില്‍ ഇരുന്ന് കരയുകയായിരുന്നെന്നും പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാമായിരുന്നു എന്നും സിനിമ കണ്ടിറങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ ബന്യാമിനും അണിയറ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പൃഥ്വിരാജിനെ ഇപ്പോള്‍ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാമായിരുന്നു. ഞാന്‍ അവിടെ അനുഭവിച്ചതെല്ലാം അതുപോലെ തന്നെ എടുത്തുവച്ചിട്ടുണ്ട്. ഒന്നും പറയാന്‍ പറ്റുന്നില്ല. സിനിമ കണ്ടിട്ട് ഞാന്‍ ഇരുന്ന് കരയുകയായിരുന്നു.- നജീബ് പറഞ്ഞു. സിനിമ എല്ലാവരും വന്ന് കാണണമെന്നും വിജയിപ്പിക്കണമെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.

മകന്‍ സഫീറിന്റെ ഏകമകള്‍ സഫാ മറിയത്തിന്റെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്ന് നജീബും കുടുംബവും സിനിമ കാണാനെത്തില്ലെന്ന് അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം റിലീസാകുമ്പോള്‍ നജീബെങ്കിലും ഒപ്പമുണ്ടാകണമെന്ന സംവിധായകന്റേയും എഴുത്തുകാരന്റെയും വാക്കുകള്‍ സ്വീകരിച്ചാണ് നജീബ് ചിത്രം കാണാനെത്തിയത്.

‘എന്റെ ജീവിതം തിയേറ്ററുകളില്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാന്‍ പോകുകയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ നാട്ടുകാര്‍ക്കും അതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ സന്തോഷമുണ്ടായിരുന്നു. എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് ഒരാഴ്ച മുന്‍പ് മരിച്ചിരുന്നു. നിര്‍ബന്ധം കൊണ്ട് സിനിമ കാണാന്‍ വന്നതാണ്, ഞാന്‍ മാത്രമേ വന്നിട്ടുള്ളൂ. വീട്ടില്‍ നിന്ന് ആരും ഇല്ല.- നജീബ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *