ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സീരിയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്റെയും യുണീക് നമ്പര്‍ എന്നിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്.
ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്.
കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല. തുടര്‍ന്നാണ് സുപ്രീംകോടതി ബോണ്ടുകളുടെ നമ്പര്‍ സമര്‍പ്പിക്കാന്‍ എസ്ബിഐക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.
ഇന്ന് കേസ് പരിഗണിക്കാനിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൂടുതല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയില്‍ മൂന്നും അന്വേഷണം നേരിടുന്നതാണെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.