മയക്കുവെടി വെക്കുന്നതിനു മുന്‍പ് കടുവ രക്ഷപ്പെട്ടു; രോഷാകുലരായി നാട്ടുകാര്‍: കണ്ണൂരില്‍ ആശങ്ക തുടരുന്നു

Kerala

കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഇന്നലെ പകൽ മുഴുവൻ പ്രദേശത്തെ റബ്ബർ തോട്ടത്തിലെ ചതുപ്പിൽ കിടന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം. ഇതനുസരിച്ച് കാസർകോട് നിന്ന് വെടിവയ്ക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു.

കടുവ രക്ഷപ്പെട്ടതോടെ ആശങ്കയിലാണ് നാട്ടുകാര്‍. രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഓ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു. കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ഒരാഴ്ചയായി ജനവാസമേഖലയിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു.

പ്രായമേറിയ കടുവയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് സൂചന. ഇതാകാം കാട് കയറാതെ കടുവ നാട്ടില്‍ തന്നെ തുടരുന്നത്. ദീര്‍ഘസമയം ഒരിടത്ത് തന്നെ തുടരുന്നത് ശാരീരികമായ അവശതയെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചയ്ക്ക് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തിൽ എത്തിയ കടുവയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നാട്ടുകാർ കടുത്ത ആശങ്കയിലായത്. ഞായറാഴ്ച പ്രദേശവാസിയായ ബാബുവിന്റെ കൃഷിയിടത്തിലുള്ള തോട്ടിലാണ് കടുവയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *