ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26; വോട്ടെണ്ണല്‍ ജൂണ്‍ നാല്‌

Kerala

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു.

രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി നേടിയത്. എന്‍ഡിഎ മൊത്തം 353 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെ തന്നെ 250 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും.

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനമെന്നതാണ് ഇത്തവണത്തെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തിയയാതും രാജ്യം തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 96.8 കോടി വോട്ടര്‍മാരാണ് ഉള്ളത്. 49.7 കോടി പുരുഷന്‍മാരും 48.1 കോടി സത്രീകളും 1.82 കോടി കന്നിവോട്ടര്‍മാരുമാണ്. യുവ വോട്ടര്‍മാരുടെ എണ്ണം 19.74 കോടിയാണ്. 48,000 ട്രാന്‍സ്‌ജെന്‍ഡറുമാരും ഉള്‍പ്പെടുന്നു. പോളിങ് ബൂത്തുകളുടെ എണ്ണം 10. 5 ലക്ഷമാണ്. 55 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനും ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും ഉണ്ടാകും.

ബുത്തുകളില്‍ മികച്ച സൗകര്യം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും. വീല്‍ ചെയറും ഏര്‍പ്പെടുത്തും.

85 വയസുകഴിഞ്ഞ 82 ലക്ഷവും നൂറ് വയസുകഴിഞ്ഞ 2.18 ലക്ഷം പേരും വോട്ടര്‍പട്ടികയില്‍ ഉണ്ട്. 85 കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. അതിനായി വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ കെവൈസി ആപ്പിലൂടെ അറിയാന്‍ കഴിയും. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ അടക്കം അതിലൂടെ അറിയാന്‍ കഴിയും.

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസേനയെ വിനിയോഗിക്കും. ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ഏര്‍പ്പെടുത്തും. പഴുതടച്ച സുരക്ഷയാകും ഏര്‍പ്പെടുത്തുകയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് സി- വിജില്‍ മൊബൈല്‍ ആപ്പ് വഴി പരാതി അറിയിക്കാം. നൂറ് മിനിറ്റിനുള്ളില്‍ പരാതി പരിഹിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ അയക്കും. വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ഒരുതരത്തിലും പണം ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിരീക്ഷിക്കും. വ്യാജവാര്‍ത്തകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കും. വിദ്വേഷ പ്രസംഗം അനുവദിക്കില്ല. ജാതിയുടെയോ മതത്തിന്റെ പേര് ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *