പനമരം: പനമരം ഗ്രാമ പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബഡ്ജറ്റ് പ്രസിഡണ്ട് പി എം ആസ്യ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ അവതരിപ്പിച്ചു. 56.96 കോടി വരവും 56.45 കോടി ചിലവും 51.22 ലക്ഷം മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.പനമരം ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനായി പുതിയ ബസ് സ്റ്റാന്‍ഡ് സ്ഥലം നിര്‍മ്മാണത്തിനായി ഒരു കോടി രൂപയും പഞ്ചായത്ത് സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി ഒന്നര കോടി രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ബജറ്റില്‍ എല്ലാ മേഖലകള്‍ക്കും തുല്യം പ്രാധാന്യം നല്‍കുന്നതിന് പഞ്ചായത്ത് ശ്രമിച്ചിട്ടുണ്ട്. ഭവന നിര്‍മ്മാണ പുനരുദ്ധാരണ മേഖലയ്ക്ക് മൂന്നു കോടി എഴുപത് ലക്ഷം രൂപയും റോഡ് വികസന പ്രവര്‍ത്തികള്‍ക്കായിഏഴ് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അരി നിര്‍മ്മാണ യൂണിറ്റ്, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ്, ഭിന്നശേഷി കുട്ടികള്‍ക്കുള്ള കലോത്സവം, 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് നേത്ര പരിശോധന, വനിതകള്‍ക്ക് ഹിയറിങ് എയിഡഡ്, സ്‌ക്കൂളുകള്‍ക്ക് പ്രിന്റര്‍ എല്‍ സി ഡി പ്രൊജക്റ്റര്‍, എല്‍ എസ് എസ്, യു എസ് എസ് പരിശീലനം, അതി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി, ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, ലൈഫ് ഭവന പദ്ധതി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം, എന്നിവ വാര്‍ഷിക പദ്ധതിയില്‍ ഉല്‍പ്പെടുന്നുണ്ട്.ബജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പഞ്ചായത്ത് സെക്രട്ടറി ശ്രീ അജയകുമാര്‍ സ്വാഗതവും പഞ്ചായത്ത് അക്കൗണ്ടന്റ് ശ്രീ അനീഷ് ആര്‍ എസ് നന്ദി യും പറഞ്ഞു.